വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കും
മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്ന് തിങ്കളാഴ്ച തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷനായിരിക്കും. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപ്പുസ്തകം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പ്രകാശനം ചെയ്യും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ ചുമതല സര്‍വശിക്ഷാ അഭിയാനാണ്. ജില്ലാതലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര ഗവ. എല്‍.പി. സ്കൂളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും കോട്ടയത്ത് ആനിക്കാട് ഗവ. യു.പി. സ്കൂളില്‍ മന്ത്രി കെ.എം. മാണിയും മലപ്പുറത്ത് ഗവ. എല്‍.പി. സ്കള്, കരുവാരകുന്നില്‍ മന്ത്രി എ.പി. അനില്‍കുമാറും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. വയനാട്ടില്‍ വാരാമ്പുറ്റ ഗവ. യു.പി. സ്കൂളില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും പാലക്കാട് കല്ലയക്കുളങ്ങര ഹേമാംബിക സംസ്കൃത സ്കൂളില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കൊല്ലത്ത് ഇളമ്പള്ളൂര്‍ കെ.ജി.വി. യു.പി. സ്കൂളില്‍ മുന്‍മന്ത്രി എം.എ. ബേബിയുമാണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
പത്തനംതിട്ടയില്‍ കാവുമ്പക ഗവ. എല്‍.പി. സ്കൂളില്‍ ആന്‍േറാ ആന്റണി എം.പി.യും തൃശ്ശൂര്‍ വലപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പി.സി. ചാക്കോ എം.പി.യും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.



