കംപ്യൂട്ടര്‍ ഇനി മനുഷ്യശരീരത്തില്‍, ആപ്പിള്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു
ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഇല്ലാത്ത ഒരു ആധുനിക ഓഫീസ് മുറിയെക്കുറിച്ച് ചിന്തിക്കാം... ആപ്പിള്‍ ചിന്തിക്കുന്നത് ആ വഴിക്കാണ്. ശരീരത്തില്‍ ധരിക്കാവുന്ന കംപ്യൂട്ടറുകളാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറയുന്നു. ഇപ്പോഴത്തെ ഗെയിം സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പുത്തന്‍ ഗെയിമുകളാണ് മറ്റൊന്ന്. ഇതു കൂടാതെ ആപ്പിളിന്റേതായി ഏറ്റവും ബുദ്ധിയോടെ പെരുമാറുന്ന ടെലിവിഷനും ഉള്‍പ്പെടുന്നു. കാലിഫോര്‍ണിയയിലെ റിസോര്‍ട്ട് നഗരമായ റാഞ്ചോ പാലോസ് വെര്‍ഡസില്‍ ചേര്‍ന്ന ഓള്‍ തിംഗ്സ് ഡിജിറ്റല്‍ സമ്മേളനത്തിലാണ് ടിം കുക്ക് തന്റെ ആശയങ്ങള്‍ പങ്കുവച്ചത്. താന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം കമ്പനി കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ആപ്പിള്‍ ആവിഷ്്കരിച്ച സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സാംസംഗ് പോലെയുള്ള കമ്പനികള്‍ മുന്നേറുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് കുക്ക് പുതിയ ആശയങ്ങള്‍ നിരത്തിയത്.
ആപ്പിളിന്റെ സ്മാര്‍ട്വാച്ചിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ കംപ്യൂട്ടര്‍ മനുഷ്യശരീരത്തില്‍ ചേര്‍ത്തുവച്ച് പ്രവര്‍ത്തിക്കുന്ന കാലം വരാന്‍ പോകുകയാണെന്ന് കുക്ക് അറിയിച്ചു. മൊബൈല്‍ കംപ്യൂട്ടറും ഐഗ്ളാസും എന്ന രീതിയില്‍ ഗൂഗിള്‍ പുറത്തിറക്കിയ ഗ്ളാസിന് പരിമിതികളുണ്ട്. വീഡിയോ റിക്കാര്‍ഡിംഗ്, ഇന്റര്‍നെറ്റ് എന്നിവ ഗ്ളാസിലൂടെ ലഭിക്കും.
കമ്പനിയുടെ ഐഒഎസ് മൊബൈല്‍ സോഫ്ട്വേര്‍ മെച്ചപ്പെടുത്തുന്ന കാര്യം ആലോചിക്കുകയാണ്. മാപ്പിംഗ് ആപ്ളിക്കേഷന്‍ ഉള്‍പ്പെടെ ആവിഷ്കരിക്കുന്നതിനായി വന്‍നിക്ഷേപമാണിറക്കിയിരിക്കുന്നതെന്നും കുക്ക് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഗൂഗിള്‍ മാപ്പിനു ബദലായി ആവിഷ്്കരിച്ച ആപ്പിള്‍ മാപ്പ്സിന് കാര്യമായ തെറ്റുകള്‍ സംഭവിച്ചു. ഉപയോക്താക്കളില്‍ നിന്നു കടുത്ത വിമര്‍ശനമാണുണ്ടായത്. തുടര്‍ന്ന് കുക്കിനു ക്ഷമ ചോദിക്കേണ്ടിവന്നു.
ആപ്പിളിനു തളര്‍ച്ച ബാധിച്ചുവോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു കുക്കിന്റെ മറുപടി. എന്നാല്‍ കമ്പനിയുടെ ഓഹരിവില പെട്ടെന്ന് ഇടിഞ്ഞതില്‍ തനിക്ക് ആശങ്കയുണ്െടന്ന് അറിയിച്ചു. 44% ആണ് താഴ്ന്നത്. വിപണി മൂല്യം 28000 കോടി ഡോളര്‍ കുറഞ്ഞു. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി കഴിഞ്ഞമാസം അറ്റാദായത്തില്‍ കുറവു റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന രീതിയിലായിരുന്നു കുക്കിന്റെ പ്രസ്താവനകള്‍.



