എയ്ഡഡ് സ്കൂളിലും സൌജന്യ യൂണിഫോം
സാങ്കേതിക വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്കുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മീഞ്ചന്ത ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സൌജന്യ യൂണിഫോം നല്‍കും. സൌജന്യ യൂണിഫോമിന് അര്‍ഹരായ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തന്നെയായിരിക്കും എയ്ഡഡ് സ്കൂളുകളിലും അവലംബിക്കുക. രണ്ട് ജോഡി യൂണിഫോമുകള്‍ വീതം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു നല്‍കും. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നുണ്ട്. അധ്യാപക പരിശീലനം അധ്യയന വര്‍ഷത്തിലെ ഒരു ദിവസം പോലും മുടങ്ങാത്ത രീതിയില്‍ സജ്ജീകരിക്കും. പുസ്തകവിതരണവും 90 ശതമാനത്തോളം പൂര്‍ത്തിയായി. ഈ വര്‍ഷം മുതല്‍ മികച്ച വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ചൈല്‍ഡ് റൈറ്റ്സ് കമ്മീഷനെ നിയമിക്കുമെന്നു പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂട്രീഷ്യന്‍ പോളിസി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.



