
സംസ്ഥാനത്ത് എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ കണക്കിന്റെ യോഗ്യതാ മാര്‍ക്കില്‍ ഇളവു വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കേരളാ സെല്‍ഫ് ഫിനാന്‍സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനും സര്‍ക്കാരുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു. സ്വാശ്രയ എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനും സര്‍ക്കാരുമായി ഇന്നു കരാറില്‍ ഒപ്പുവയ്ക്കും.
എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചുകഴിഞ്ഞ പശ്ചാത്തലത്തില്‍ കണക്കിനുള്ള മാര്‍ക്കില്‍ ഇളവു വരുത്തുന്നതിനു പ്രത്യേക ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കേണ്ടിയിരുന്നു. ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമാണു പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചത്.
എന്‍ജിനിയറിംഗ് പ്രവേശനത്തിന് കണക്കിനു മാത്രമായി അന്‍പതു ശതമാനം മാര്‍ക്കു വേണമെന്നായിരുന്നു നിബന്ധന. ഈ വ്യവസ്ഥയിലാണ് ഇളവു വരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കു ശരാശരി 60 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥിക്കു കണക്കിനു 45 ശതമാനം മാര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിലും പ്രവേശനം ലഭിക്കും. കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിക്കാത്തവര്‍ക്കു ബയോടെക്നോളജിയിലെ മാര്‍ക്കും ഈ മൂന്നു വിഷയങ്ങളും പഠിക്കാത്തവര്‍ക്കു ബയോളജിയിലെ മാര്‍ക്കും പരിഗണിക്കും.
സ്വാശ്രയ എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളില്‍ എന്‍ജിനിയറിംഗ് കോഴ്സ് ഫീസ് നിരക്ക് കഴിഞ്ഞ വര്‍ഷത്തെപ്പോലെ തുടരും. 50 ശതമാനം മെറിറ്റ് സീറ്റില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ള പകുതി കുട്ടികള്‍ക്ക് 40,000 രൂപ, ബാക്കി പകുതി പേര്‍ക്ക് 65,000 രൂപഎന്നിങ്ങനെയാണ് ഫീസ്. മാനേജ്മെന്റ് സീറ്റില്‍ 99,000 രൂപ വരെ ഫീസും 25,000 പ്രത്യേക ഫീസും 1.5 ലക്ഷം രൂപ തിരികെ നല്‍കേണ്ട പലിശരഹിത നിക്ഷേപവും ഈടാക്കും. എന്‍ആര്‍ഐ സീറ്റില്‍ ഒന്നര ലക്ഷം രൂപയാവും ഫീസ്.
മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനത്തിനു തുടക്കംകുറിച്ചുള്ള ഓപ്ഷന് രജിസ്ട്രേഷന് നടപടികള്‍ ഈ മാസംതന്നെ തുടങ്ങാനാണു ശ്രമം. സിബിഎസ്ഇ നടത്തിയ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെ പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ് ഉടന്‍ തന്നെ പുറത്തിറങ്ങും.
എംബിബിഎസ്, ബിഡിഎസ് ഒഴികെ സംസ്ഥാനത്ത് നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ പട്ടിക നേരത്തേ പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ എന്‍ജിനിയറിംഗ് റാങ്ക് പട്ടിക കൂടി പുറത്തുവന്നാല്‍ പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ കഴിയും. പ്രവേശനപരീക്ഷാ മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്കുകൂടി ചേര്‍ത്ത് ഈ മാസം അവസാനത്തോടെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും.